അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ

UAE

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി. 2023 ഡിസംബർ 6-നാണ് അതോറിറ്റി ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2023 ഡിസംബർ 1 മുതൽ അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്. അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എന്നിവർ സഹകരിച്ചാണ് ഈ ഇന്റർ-എമിറേറ്റ് സർവീസ് നടത്തുന്നത്.

ആഴ്ച്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ റൂട്ടിൽ ഒരു ട്രിപ്പിന് 25 ദിർഹമാണ് യാത്രികരിൽ നിന്ന് ഈടാക്കുന്നത്. അജ്‌മാൻ ബസ് ടെർമിനലിൽ (മുസല്ല ബസ് സ്റ്റേഷൻ) നിന്നാണ് ഈ ബസ് സർവീസ് ആരംഭിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15-ന് ഈ ബസ് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്നതും വൈകീട്ട് 3.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതുമാണ്. വാരാന്ത്യങ്ങളിൽ (ശനി, ഞായർ) പ്രതിദിനം രണ്ട് സർവീസ് വീതമുണ്ട്.

വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 2.15-ന് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്ന ആദ്യത്തെ ബസ് വൈകീട്ട് 3.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതാണ്. വൈകീട്ട് 5.15-ന് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്ന രണ്ടാമത്തെ ബസ് വൈകീട്ട് 6.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതാണ്.