യു എ ഇയുടെ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഔദ്യോഗിക ചടങ്ങ് 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ നടക്കുമെന്ന് യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി അറിയിച്ചു. യു എ ഇയിൽ ഉടനീളമുള്ള ആളുകൾക്ക് ഡിസംബർ 2-ന് വൈകുന്നേരം 5:30-ന് യു എ ഇ ദേശീയ ദിന ഔദ്യോഗിക വെബ്‌സൈറ്റിലും, എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഈ ആഘോഷ ചടങ്ങുകൾ തത്സമയം കാണാൻ അവസരം ലഭിക്കുന്നതാണ്.
ഇതിന്റെ ഭാഗമായുള്ള വിസ്മയകരമായ തിയേറ്റർ ഷോ കാഴ്ചക്കാരെ ദേശത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് നയിക്കുന്നതാണ്. ഈ തിയേറ്റർ ഷോയിലേക്ക് ഡിസംബർ 4 മുതൽ 12 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
“നമ്മുടെ 50-താമത് ദേശീയ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ആഘോഷങ്ങൾ ഈ വർഷം ഹത്തയിൽ വെച്ച് അരങ്ങേറുന്നതാണ്. നമ്മുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര നമ്മൾ ശുഭാപ്‌തി വിശ്വാസം, ആത്മവിശ്വാസം, ഉറച്ച ദൃഢനിശ്ചയം എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കി കൊണ്ട് തുടരുന്നതാണ്. അടുത്ത അമ്പത് വർഷം കൊണ്ട് ശോഭനമായ ഒരു ഭാവി നേടുന്നതിനായുള്ള അടിസ്ഥാനം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളം തുടരുന്നതാണ്.”, അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.
യു എ ഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നും തുല്യ ദൂരെയുള്ള ഹത്ത, ശ്രദ്ധേയമായ ഒരു ചരിത്ര പ്രദേശവും, ഊർജ്ജസ്വലവും, ആവേശകരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. അതിമനോഹരമായ പ്രകൃതിദത്ത അത്ഭുതങ്ങളും, ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട ഡാമുകളും, തടാകങ്ങളും, താഴ്‌വാരങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഭൂപ്രകൃതിയും ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.
സമീപ വർഷങ്ങളിൽ നിരവധി വികസന പദ്ധതികൾക്കും, ഈ വർഷം മാത്രം ആറ് പുതിയ പദ്ധതികൾക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം ആദ്യം, വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹത്തയിൽ ഒരു ബീച്ചിന്റെയും പുതിയ തടാകത്തിന്റെയും നിർമ്മാണവും, പർവത ചരിവുകൾക്കുള്ള ഗതാഗത സംവിധാനങ്ങളും ഉൾപ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 20 വർഷത്തെ ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതികൾ അവതരിപ്പിച്ചത്.
3000 വർഷം പഴക്കമുള്ള ഈ നഗരം തന്ത്രപ്രധാനമായ ഒരു കേന്ദ്രമാണ്. ഒരു കാലത്ത് പ്രധാനമായ ഒരു വ്യാപാര പാതയും, സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ബന്ധിപ്പിക്കുന്ന കാരവാനുകളുടെയും, സഞ്ചാരികളുടെയും ഒരു സംഗമസ്ഥാനവുമായിരുന്നു ഹത്ത. യു എ ഇയുടെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗവും, അവിടുത്തെ ജനങ്ങളുടെ കഥയും ഹത്ത പ്രതിനിധീകരിക്കുന്നു
“50-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിൽ മനുഷ്യരും പ്രകൃതിയും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്ന ഗംഭീരമായ ഒരു ഷോ അവതരിപ്പിക്കുന്നതാണ്. യൂണിയന്റെ തുടക്കം വരെയും, തുടർന്നുള്ള 50 വർഷങ്ങളിലും ദേശത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ഫ്ലോട്ടിംഗ് തിയറ്റർ അനുഭവം ഹജർ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഹത്ത ഡാമിൽ അരങ്ങേറുന്നതാണ്. സമാനതകളില്ലാത്ത സർഗ്ഗാത്മകവും, കലാപരവുമായ കഥപറച്ചിലിലൂടെ, ഈ ഷോ രാഷ്ട്രത്തിന്റെ നേട്ടങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്.”, സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ക്രിയേറ്റീവ് സ്ട്രാറ്റജി ഹെഡ് ഷെയ്ഖ അൽ കെത്ബി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സുവർണ ജൂബിലി നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം ആദ്യം, യു എ ഇ ദേശീയ ദിനത്തിന് 50 ദിവസം മുമ്പ് ദേശീയ ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നു. 50-ാമത് ഔദ്യോഗിക ദേശീയ ദിനാഘോഷം ഡിസംബർ 2-ന് ആരംഭിക്കുന്നതാണ്. ഈ ആഘോഷങ്ങൾ ഡിസംബർ 12 വരെ തുടരും. ഡിസംബർ 4 മുതൽ ഡിസംബർ 12 വരെ നടക്കുന്ന ഷോകളുടെ ടിക്കറ്റുകൾ ഇപ്പോൾ https://www.uaenationalday.ae/#home എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.
യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
WAM