യു എ ഇയിൽ കോ-ഓപ് സ്റ്റോറുകൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി

GCC News

കോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷണവസ്തുക്കളുടെ ചില്ലറ വ്യാപാരം, ഫാർമസി എന്നിവയ്ക്ക് നിബന്ധനകളോടെ യു എ ഇയിൽ 24/7 പ്രവർത്തനാനുമതി നൽകി. ആരോഗ്യ സുരക്ഷാ മന്ത്രാലയവും, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയും (NCEMA) ചേർന്നാണ് അവശ്യവസ്തുക്കളുടെ ലഭ്യത ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന് ഈ തീരുമാനം കൈക്കൊണ്ടത്.

ഇത്തരം തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അവയുടെ സാധാരണ ജനത്തിരക്കിന്റെ 30 ശതമാനം മാത്രം ആളുകളെ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കി വേണം സേവനങ്ങൾ നൽകുവാൻ. വലിയ ജനക്കൂട്ടം ഒഴിവാക്കാനായാണ് ഈ നടപടി. ഉപഭോക്താക്കൾ തമ്മിൽ 2 മീറ്റർ എങ്കിലും ദൂരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരും അധികൃതർ നൽകിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

എല്ലാ സ്ഥാപനങ്ങളും ഈ ആരോഗ്യ സുരക്ഷാ, രോഗ പ്രതിരോധ നിർദ്ദേശങ്ങൾ വിട്ടുവീഴ്ച്ചയില്ലാതെ പാലിക്കണം എന്ന് ഇത് സംബന്ധിച്ച അറിയിപ്പിൽ അധികൃതർ പറയുന്നുണ്ട്.