രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്കായി പങ്ക് വെച്ച ഒരു അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള യു എ ഇ നിയമം 34/ 2021-ലെ ആർട്ടിക്കിൾ 3 പ്രകാരം, യു എ ഇ സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും കീഴിലുള്ള വെബ്സൈറ്റുകൾ, ഇൻഫോർമേഷൻ സംവിധാനങ്ങൾ, ഇൻഫർമേഷൻ നെറ്റ്വർക്ക്, മറ്റു ഐ ടി സംവിധാനങ്ങൾ എന്നിവ ഹാക്ക് ചെയ്യുന്നവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും, താത്കാലിക തടവ് ശിക്ഷയും ലഭിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ഹാക്കിങ്ങ് മൂലം വെബ്സൈറ്റ്, ഇലക്ട്രോണിക് വിവര സംവിധാനം, ശൃംഖല, മറ്റു സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ, അവയുടെ സേവനത്തിൽ തടസം നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ ചുരുങ്ങിയത് അഞ്ച് വർഷം തടവും, രണ്ടര ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തുന്നതാണ്. ഇത്തരം ഹാക്കിങ്ങിന്റെ ഭാഗമായി ഒരു ഇലക്ട്രോണിക് സംവിധാനത്തിലെ വിവരങ്ങൾ ചോരുകയോ, നഷ്ടപ്പെടുകയോ, മാറ്റം വരുത്തപ്പെടുകയോ, അനധികൃതമായി പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലും ഇതേ ശിക്ഷകൾ ലഭിക്കുന്നതാണ്.
സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയത് 7 വർഷം തടവും, രണ്ടര ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.