സൗദി സ്വീകരിച്ചിട്ടുള്ള കൊറോണാ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം യു എ ഇയിലേക്ക് മടങ്ങാനാകാത്ത എമിറാത്തി പൗരന്മാരിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അടുത്ത 72 മണിക്കൂറിൽ തിരികെ എത്തിക്കാൻ തീരുമാനിച്ചതായി സൗദിയിലെ യു എ ഇ എംബസ്സി അറിയിച്ചു. ഇതിനായി സൗദി അധികൃതരുമായി ചേർന്നുകൊണ്ട് എമിറേറ്റ്സ്, എത്തിഹാദ് എയർവെയ്സ്, സൗദി അറേബ്യൻ എയർലൈൻസ് എന്നിവയുടെ വിമാന സർവീസുകളാണ് യാത്രികരെ യു എ ഇയിലേക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുക.
മാർച്ച് 11 മുതൽ 13 വരെ റിയാദിൽ നിന്നും, ജിദ്ദയിൽ നിന്നും, ദമ്മാമിൽ നിന്നും ദിനവും ഓരോ സർവീസുകളാണ് എത്തിഹാദ് ഇതിനായി നടത്തുക. എമിറേറ്റ്സ് മാർച്ച് 12 മുതൽ 15 വരെ ഇതേ എയർപോർട്ടുകളിൽ നിന്ന് ഈ പ്രത്യേക സർവീസുകൾ നടത്തുന്നതായിരിക്കും.
ഈ ഘട്ടത്തിൽ ഇത്തരം ഒരു നടപടി ഒരുക്കാൻ സൗദി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ സഹായത്തിനും, വിമാന കമ്പനികളുടെ സഹകരണത്തിനും എംബസി നന്ദി അറിയിച്ചു.