സൗദി അറേബ്യ: ഓഗസ്റ്റ് 20 വരെ ശക്തമായ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഓഗസ്റ്റ് 20, ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 15-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 20 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നജ്‌റാൻ,അൽ ബാഹ, അസീർ, ജസാൻ തുടങ്ങിയ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മദീന തുടങ്ങിയ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.