കുവൈറ്റ്: പാസ്സ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച് പുതിയ നിയമം ഏർപ്പെടുത്തുന്നതായി ഇന്ത്യൻ എംബസി

featured GCC News

പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 26-നാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 സെപ്റ്റംബർ 1 മുതൽ പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധനകൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമായിരിക്കും പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സ്വീകരിക്കുന്നത്.

2025 സെപ്റ്റംബർ 1 മുതൽ പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം:

  • കളർ ഫോട്ടോ ആയിരിക്കണം.
  • ഇവയുടെ വലിപ്പം 630 x 810 പിക്സൽ ആയിരിക്കണം.
  • അപേക്ഷകന്റെ മുഖം മുൻവശത്ത് നിന്ന് പൂർണ്ണമായും വ്യക്തമാക്കുന്ന ചിത്രമായിരിക്കണം.
  • ഈ ഫോട്ടോയുടെ എൺപത് മുതൽ എൺപത്തഞ്ച് ശതമാനം വരെ പ്രദേശം അപേക്ഷകന്റെ മുഖം ഉൾകൊള്ളുന്ന രീതിയിലായിരിക്കണം.
  • ഫോട്ടോ വെളുത്ത പശ്ചാത്തലതിലായിരിക്കണം. ഇതിൽ നിഴലുകളോ, പ്രതിഫലനമോ പാടില്ല.
  • കണ്ണ് തുറന്നിരിക്കുന്ന, കണ്ണിൽ വെളിച്ചത്തിന്റെ പ്രതിഫലനം ഇല്ലാത്ത രീതിയിൽ വ്യക്തതയുള്ള ചിത്രമായിരിക്കണം.
  • വായ തുറന്നിരിക്കുന്നതോ, ചെരിഞ്ഞിരിക്കുന്നതോ ആയ ചിത്രങ്ങൾ അനുവദിക്കുന്നതല്ല.
  • സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ അനുവദിക്കുന്നതല്ല.
  • മതപരമായ കാര്യങ്ങൾക്കുള്ള ശിരോവസ്ത്രങ്ങൾ ഒഴികെയുള്ളവ അനുവദിക്കുന്നതല്ല.