യു എ ഇ: നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2026 നവംബർ 4-ന് ആരംഭിക്കും

GCC News

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2026 നവംബർ 4-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. 2026 ഒക്ടോബർ 13-നാണ് SBA ഇക്കാര്യം അറിയിച്ചത്.

ഷാർജ ബുക്ക് അതോറിറ്റി തങ്ങളുടെ ഷാർജയിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 നവംബർ 4 മുതൽ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ‘മേഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്.

124 രാജ്യങ്ങളിൽ നിന്നുള്ള 2,673 പ്രസാധകരും, പ്രദർശകരും ഈ പുസ്തകമേളയിൽ അണിനിരക്കുന്നതാണ്. ഈ പുസ്തകമേളയുടെ ഭാഗമായി 1500-ൽ പരം സാംസ്കാരിക, കലാപരിപാടികൾ അരങ്ങേറുന്നതാണ്.

ഒമാനാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. ഒമാനിൽ നിന്നുള്ള സാഹിത്യം, പൈതൃകം, എഴുത്തുകാർ, കലാകാരന്മാർ എന്നിവയെ ആദരിക്കുന്ന പ്രത്യേക പരിപാടികളും ഇത്തവണത്തെ SIBF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും അണിനിരക്കുന്ന പ്രത്യേക പരിപാടികളും ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അരങ്ങേറുന്നതാണ്.