യു എ ഇ: ഓൺലൈൻ സംവിധാനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളോട് ആഹ്വാനം

GCC News

ഓൺലൈൻ ഇടങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നതിൽ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം മാതാപിതാക്കളോട് ആഹ്വാനം ചെയ്തു. 2026 ഒക്ടോബർ 13-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അപരിചിതരുമായുള്ള ഇടപെടലുകൾ മുതൽ ഓൺലൈൻ തട്ടിപ്പുകളും വ്യക്തിഗത വിവരങ്ങൾ പങ്കിടലും വരെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി ഓൺലൈൻ സംവിധാനങ്ങളിൽ അപരിചിതരുമായി ആശയവിനിമയം നടത്തുമ്പോൾ ജാഗ്രത പാലിക്കാനും, തങ്ങൾക്ക് പരിചയമുള്ളവരുമായി മാത്രം ഇടപഴകാനും കുട്ടികളെ പഠിപ്പിക്കണമെന്ന് മന്ത്രാലയം കുടുംബങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുമായി കൂടുതൽ വിശ്വാസം വളർത്താനും, ഇന്റർനെറ്റിൽ നേരിടുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന സുരക്ഷിതമായ ഒരന്തരീക്ഷം ഒരുക്കാനും മാതാപിതാക്കളെ മന്ത്രാലയം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ചൂണ്ടിക്കാട്ടിയ മന്ത്രാലയം ലിങ്കുകളോ സന്ദേശങ്ങളോ ലഭിക്കുമ്പോൾ അവയിൽ ക്ലിക്ക് ചെയ്യുന്നതിനോ മറുപടി നൽകുന്നതിനോ മുൻപായി അവയുടെ ആധികാരികത പരിശോധിക്കാൻ കുട്ടികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ വിവരങ്ങളോ ഫോട്ടോകളോ ഓൺലൈനിൽ പങ്കുവെക്കരുതെന്ന് കുട്ടികളെ പഠിപ്പിച്ചുകൊണ്ട് അവരുടെ സ്വകാര്യത സംരക്ഷിക്കാനും കുടുംബങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.