യു എ ഇ: പാസ്പോർട്ട് അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ഇന്ത്യൻ എംബസ്സി

featured GCC News

ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. 2025 ഒക്ടോബർ 27-നാണ് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ പുതിയ ഓൺലൈൻ പോർട്ടലിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് ചിപ്പ് ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഇ-പാസ്സ്പോർട്ടുകൾക്കായി അപേക്ഷിക്കാവുന്നതാണ്. ഈ പോർട്ടലും, പാസ്പോർട്ട് അപേക്ഷാ നടപടികളും 2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന വിലാസത്തിൽ നിന്ന് ഈ ഓൺലൈൻ പോർട്ടൽ സംവിധാനം ലഭ്യമാണ്. ഒക്ടോബർ 28 മുതൽ എല്ലാ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളും ഈ പുതിയ പോർട്ടലിലൂടെ നൽകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ നവീകരിച്ച പാസ്സ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ (GPSP 2.0) ഭാഗമായി അതിനൂതനമായ ചിപ്പുകളടങ്ങിയ ഇ-പാസ്സ്‌പോർട്ട് അവതരിപ്പിക്കുന്നതാണ്.

ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് താഴെ പറയുന്ന രീതിയിൽ പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്:

  • https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • തുടർന്ന് ലോഗിൻ ചെയ്ത ശേഷം ഹോം പേജിൽ നിന്ന് പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതും, അപേക്ഷാ ഫോം പ്രിന്റ് ചെയ്തെടുക്കാവുന്നതുമാണ്.
  • അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം BLS സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുക.
  • https://indiavisa.blsinternational.com/uae/appointment/bls_appmnt/login എന്ന വിലാസത്തിൽ BLS സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
  • ഇതിന് ശേഷം ആവശ്യമായ രേഖകളുമായി അപേക്ഷകർക്ക് BLS സേവനകേന്ദ്രങ്ങളിൽ നേരിട്ടതാവുന്നതാണ്.

പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കേണ്ടതായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്ന അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ മുതലായവ GPSP 2.0 പോർട്ടലിൽ മുൻകൂട്ടി സമർപ്പിക്കുന്നതിലൂടെ BLS സേവനകേന്ദ്രങ്ങളിൽ ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ICAO മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് BLS ഇന്റർനാഷണൽ നേരത്തെ അറിയിച്ചിട്ടുണ്ട്.