യു എ ഇ: ഇന്ത്യൻ പ്രവാസികൾക്കുള്ള നിർദ്ദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി

UAE

നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാൻ അബുദാബിയിലെ ഇന്ത്യൻ എംബസി യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശം നൽകി. 2026 ഫെബ്രുവരി 28, ശനിയാഴ്ച രാത്രിയാണ് അബുദാബിയിലെ ഇന്ത്യൻ എംബസി ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയത്.

കിംവദന്തികൾ ഒഴിവാക്കണമെന്നും, ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരണമെന്നും എംബസ്സി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്ന അവസരത്തിൽ ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. യു എ ഇ അധികൃതർ പുറപ്പെടുവിച്ച ഉപദേശങ്ങൾ അനുസരിച്ചാണ് ഇത്തരം ഒരു നിർദ്ദേശം.

“രാജ്യത്തെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള കിംവദന്തികളുടെയും വ്യാജ വാർത്തകളുടെയും ഇരകളാകരുതെന്നും, കൃത്യമായ അറിയിപ്പുകൾക്കായി ഇന്ത്യൻ എംബസി/ കോൺസുലേറ്റ്/ യു എ ഇ സർക്കാർ അധികാരികളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് അഭ്യർത്ഥിക്കുന്നു,” എംബസ്സി പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതിനായി താഴെ പറയുന്ന സാമൂഹിക മാധ്യമ അക്കൗണ്ട് വിവരങ്ങളും എംബസ്സി പങ്ക് വെച്ചിട്ടുണ്ട്:

  • അബുദാബിയിലെ ഇന്ത്യൻ എംബസി – @IndembAbudhabi.
  • ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് – @cgidubai.
  • യു എ ഇ വിദേശ്യകാര്യ മന്ത്രാലയം – @mofauae.
  • യു എ ഇ പ്രതിരോധ മന്ത്രാലയം – @modgovae.
  • യു എ ഇ ആഭ്യന്തര മന്ത്രാലയം – @moiuae.
  • എമിറേറ്റ്സ് ന്യൂസ് ഏജൻസി – @WAMNEWS_ENG.
  • യു എ ഇ സർക്കാർ മീഡിയ ഓഫീസ് – @UAEmediaoffice.
  • അബുദാബി മീഡിയ ഓഫീസ് – @ADMediaOffice.
  • ദുബായ് മീഡിയ ഓഫീസ് – @DXBMediaOffice.

യു എ ഇയിലെ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും എംബസ്സി അറിയിച്ചിട്ടുണ്ട്:

  • ടോൾ ഫ്രീ നമ്പർ: 800-46342
  • വാട്സ്ആപ് – +971543090571.
  • ഇമെയിൽ – pbsk.dubai@mea.gov.in / ca.abudhabi@mea.gov.in