ഖത്തർ: ഏഴ് വർഷത്തിനിടയിൽ 292 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദോഹ മെട്രോ

GCC News

ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 292 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2026 മെയ് 8-നാണ് ഖത്തർ റെയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദോഹ മെട്രോയുടെ ഏഴാം വാർഷികവേളയിലാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിൽ രാജ്യത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകുന്നത് ലക്ഷ്യമിട്ട് 37 മെട്രോ സ്റ്റേഷനുകൾ സ്ഥാപിച്ചതായും ഖത്തർ റെയിൽ അറിയിച്ചു.

തടസമില്ലാതെ യാത്രാസേവനങ്ങൾ നൽകുന്നതിലും, കൃത്യനിഷ്ഠ, സേവനലഭ്യത തുടങ്ങിയ ഘടകങ്ങളിലും ദോഹ മെട്രോ ശരാശരി 99.83% പ്രകടന സൂചകങ്ങൾ കൈവരിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി ദോഹ മെട്രോ ഉപഭോക്തൃ സംതൃപ്തി നിരക്ക് 99.9 ശതമാനമായി നിലനിർത്തുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.