ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് നേട്ടം യാസ് വാട്ടർവേൾഡ് കരസ്ഥമാക്കി

GCC News

ലോകത്ത് ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം അബുദാബിയിലെ യാസ് വാട്ടർവേൾഡ് സ്വന്തമാക്കി. 2026 ജൂൺ 30-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ആകെ 55 വാട്ടർ സ്ലൈഡുകളാണ് അബുദാബിയിലെ യാസ് വാട്ടർവേൾഡിലുള്ളത്. യാസ് വാട്ടർവേൾഡിൽ വെച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഈ റെക്കോർഡ് പ്രഖ്യാപിച്ചത്.

Source: Abu Dhabi Media Office.

മിറാൽ ഗ്രൂപ്പ് സിഇഒ ഡോ. മുഹമ്മദ് അബ്ദല്ല അൽ സാബിയും, യാസ് വാട്ടർവേൾഡ് അബുദാബി ജനറൽ മാനേജർ റയാൻ അൽ ഹദ്ദറും ചേർന്ന് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെയും, തുർക്കിയിലെയും ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഹനാനെ സ്പിയേഴ്സിൽ നിന്ന് ഈ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

യാസ് വാട്ടർവേൾഡിൽ നടന്ന സമീപകാല വിപുലീകരണത്തെ തുടർന്നാണ് ഈ നേട്ടം. ഇതിന്റെ ഭാഗമായി പാർക്കിലെ ‘ലെജൻഡ് ഓഫ് ദി ലോസ്റ്റ് പേൾ’ എന്ന തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 11 പുതിയ റൈഡുകൾ, സ്ലൈഡുകൾ, ആകർഷണങ്ങൾ എന്നിവ യാസ് വാട്ടർവേൾഡിൽ സ്ഥാപിച്ചിരുന്നു.

യാസ് വാട്ടർവേൾഡിൽ നിലവിൽ 70-ലധികം റൈഡുകൾ, സ്ലൈഡുകൾ, ആകർഷണങ്ങൾ എന്നിവയുണ്ട്; ഇതിൽ 55 വാട്ടർസ്ലൈഡുകളുടെ റെക്കോർഡ് ശേഖരവും ഉൾപ്പെടുന്നു.