യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ നിയന്ത്രിത വസ്തുക്കളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2026 ഒക്ടോബർ 30-നാണ് യു എ ഇയിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
Travelling to the UAE? 🇦🇪✈️ Before you fly, check what you can and cannot bring into the country. From prohibited items to medicines requiring prior approval, a little preparation can save you from trouble at the airport. Check the guidelines, pack smart and travel informed! Read more: https://t.co/VgjXROTpdW @MOHAPUAE @UAEICP @DubaiCustoms @AbuDhabiCustoms #UAETravelAdvisory #TravelSmart #UAE
— India in UAE (@IndembAbuDhabi) October 30, 2026
യു എ ഇയിലേക്കുള്ള യാത്രകളിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ, മരുന്നുകൾ, പാലിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസി ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ യു എ ഇയിലേക്ക് കൊണ്ടുവരുന്നത് പിഴയ്ക്കോ മറ്റു നിയമനടപടികൾക്കോ കാരണമായേക്കാമെന്നും എംബസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിൽ സുലഭമായി ലഭിക്കുന്നതോ നിയമപരമായി വിൽക്കപ്പെടുന്നതോ ആയ ചില ഉൽപ്പന്നങ്ങൾ, യു എ ഇ നിയമപ്രകാരം നിരോധിക്കപ്പെട്ടതോ നിയന്ത്രണങ്ങൾക്ക് വിധേയമോ ആകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ എംബസി, ഈ നിയമങ്ങൾ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവരും, അവിടെ തൊഴിലെടുക്കുന്നവരുമായ ഇന്ത്യൻ പൗരന്മാർക്കും, യു എ ഇ വഴി ട്രാൻസിറ്റ് യാത്രക്കാരായി യാത്ര ചെയ്യുന്നവർക്കും ഒരു പോലെ ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ലഗേജുകളിൽ നിരോധിച്ച ഭക്ഷ്യവസ്തുക്കളോ, മരുന്നുകളോ മറ്റ് നിയന്ത്രിത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം നിരോധിത വസ്തുക്കൾ അറിയാതെ പോലും കൈവശം വെക്കുകയോ ചെറിയ അളവിൽ പോലും കൊണ്ടുപോകുകയോ ചെയ്യുന്നത് യു എ ഇയിൽ അവ കണ്ടുകെട്ടുന്നതിനും, കനത്ത പിഴ ചുമത്തുന്നതിനും, തടങ്കലിലാക്കുന്നതിനും, നാടുകടത്തുന്നതിനും, ഗുരുതരമായ കേസുകളിൽ ക്രിമിനൽ നടപടികൾ നേരിടുന്നതിനും കാരണമായേക്കാവുന്നതാണ്.
യാത്രക്കാർ യു എ ഇയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത ഭക്ഷ്യ/ പുകയില വസ്തുക്കൾ:
- കസ്‌കസ് / കശകശ / പോപ്പി വിത്തുകൾ.
- ഖാത് ഇലകൾ.
- വെറ്റില, അടയ്ക്ക.
- പുകയില്ലാത്ത ഒരു തരം പുകയില ഉൽപ്പന്നമായ നസ്വർ.
- ഗുട്കയും സമാനമായ, ചവയ്ക്കാവുന്ന പുകയില ഉൽപ്പന്നങ്ങളും
മേൽപ്പറഞ്ഞ വസ്തുക്കൾ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജിലോ ഹാൻഡ് ബാഗേജിലോ ഇല്ലെന്ന് യാത്രികർ ഉറപ്പ് വരുത്തേണ്ടതാണ്.
യു എ ഇയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മയക്കുമരുന്നുകൾ, മാനസിക നിലയെ ബാധിക്കുന്ന മരുന്നുകൾ, നിയന്ത്രിത മരുന്നുകൾ എന്നിവ കൊണ്ട് വരുന്നതിന് യു എ ഇ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകളുമായി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ചില ഉറക്കഗുളികകൾ, ശക്തമായ വേദന സംഹാരികൾ, മാനസികാരോഗ്യ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ ഉൾപ്പടെ മയക്കുമരുന്നുകളോ, മാനസിക നിലയെ ബാധിക്കുന്ന പദാർത്ഥങ്ങളോ അടങ്ങിയ മരുന്നുകളെ യു എ ഇ ‘നിയന്ത്രിത’ അല്ലെങ്കിൽ ‘അർദ്ധ-നിയന്ത്രിത’ വിഭാഗങ്ങളിലായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിയന്ത്രിതവും അർദ്ധ-നിയന്ത്രിതവുമായ മരുന്നുകളുടെ പട്ടിക ‘എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്’ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ede.gov.ae/en/home എന്ന വിലാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയന്ത്രണവിധേയമായതോ ലഹരിമരുന്ന് വിഭാഗത്തിൽപ്പെടുന്നതോ ആയ മരുന്നുകൾ കൈവശം വെക്കുന്ന യാത്രക്കാർ ഈ വെബ്സൈറ്റിലൂടെ ഇത്തരം മരുന്നുകളുടെ വ്യക്തിഗത ഉപയോഗത്തിനായുള്ള ഔദ്യോഗിക ഇംപോർട്ട് പെർമിറ്റ് മുൻകൂട്ടി നേടേണ്ടതാണ്. ഇതിനായി യാത്രക്കാർ തങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുകയും, ഓൺലൈൻ ഫോം പൂരിപ്പിക്കുകയും, ഒപ്പം ഡോക്ടറുടെ കുറിപ്പടി അല്ലെങ്കിൽ വിശദമായ മെഡിക്കൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുകയും വേണം. ഈ ഇംപോർട്ട് പെർമിറ്റ് സംബന്ധിച്ച അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധാരണയായി ഒരു പ്രവൃത്തിദിവസം വരെ സമയം എടുത്തേക്കാവുന്നതാണ്. അപേക്ഷകർക്ക് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ ഹെൽപ്പ് ലൈൻ നമ്പറായ 800-33784-ൽ വിളിച്ചോ, info@ede.gov.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടോ ഇതുമായി ബന്ധപ്പെട്ട സഹായങ്ങൾ ആവശ്യമെങ്കിൽ തേടാവുന്നതാണ്.
കുറിപ്പടി, ഇംപോർട്ട് പെർമിറ്റ് രേഖ എന്നിവയില്ലാതെ ഇത്തരം നിരോധിത മരുന്നുകളുമായി യു എ ഇയിലേക്ക് പ്രവേശിക്കുന്നതും, അനുവദനീയമായ അളവിൽ കൂടുതൽ ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം മരുന്നുകൾ ഇന്ത്യയിൽ നിയമപരമായി നിർദ്ദേശിക്കപ്പെട്ടവയാണെങ്കിൽ പോലും, അവ കൈവശം വെക്കുന്നത് കണ്ടുകെട്ടൽ, അറസ്റ്റ്, നിയമനടപടികൾ, തടവുശിക്ഷ എന്നിവയ്ക്ക് കാരണമായേക്കാവുന്നതാണെന്ന് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യു എ ഇയിലേക്ക് കൊണ്ടുവരുന്നതിന് പൂർണ്ണമായും നിരോധനമേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ:
- എല്ലാത്തരം ലഹരിമരുന്നുകളും, ലഹരിവസ്തുക്കളും.
- കള്ളനോട്ടുകളും അനധികൃതമായി പകർത്തിയ ഉൽപ്പന്നങ്ങളും.
- ചൂതാട്ടത്തിനുള്ള ഉപകരണങ്ങൾ, യന്ത്രങ്ങൾ, സാമഗ്രികൾ.
- മൂന്ന് പാളികളുള്ള നൈലോൺ മീൻപിടുത്ത വലകൾ.
- മന്ത്രവാദം, കൂടോത്രം, അല്ലെങ്കിൽ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട വസ്തുക്കൾ.
- അപകടകരമായതോ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ മലിനമായതോ ആയ വസ്തുക്കൾ.
മേൽപ്പറഞ്ഞ വസ്തുക്കൾക്ക് യു എ ഇ സമ്പൂർണ്ണവിലക്കേർപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രികർ തങ്ങളുടെ കൈവശം ഇത്തരം വസ്തുക്കളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
താഴെ പറയുന്ന വസ്തുക്കൾ യു എ ഇയിലേക്ക് കൊണ്ട് വരുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാണ്:
- ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ.
- ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ.
- മരുന്നുകൾ, ഔഷധങ്ങൾ, വൈദ്യോപകരണങ്ങൾ.
- പ്രസിദ്ധീകരണങ്ങൾ, റെക്കോർഡ് ചെയ്ത മാധ്യമങ്ങൾ, പ്രക്ഷേപണ ഉപകരണങ്ങൾ.
- വയർലെസ് ട്രാൻസ്മിറ്ററുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ജി.പി.എസ് (GPS) ഉപകരണങ്ങൾ.
- മദ്യപാനീയങ്ങൾ.
- ഇ-സിഗരറ്റുകളും ഇലക്ട്രോണിക് ഹൂക്കകളും.
- വാഹന ടയറുകൾ.
- സൗന്ദര്യവർദ്ധക വസ്തുക്കൾ, ചില ഇലക്ട്രിക്കൽ ഉപകരണങ്ങൾ.
- ആണവ, റേഡിയോ ആക്ടീവ് വസ്തുക്കൾ.
- സംസ്കരിക്കാത്ത വജ്രങ്ങൾ.
യു എ ഇയിലേക്ക് കറൻസി കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആകെ 60,000 ദിർഹത്തിലധികം മൂല്യമുള്ള (അല്ലെങ്കിൽ മറ്റ് കറൻസികളിൽ ഇതിന് തുല്യമായ മൂല്യമുള്ള) പണം, ബെയറർ ചെക്കുകൾ പോലുള്ള സാമ്പത്തിക ഉപകരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ അല്ലെങ്കിൽ രത്നങ്ങൾ എന്നിവ കൈവശം വെച്ചിരിക്കുന്ന യാത്രക്കാർ യു എ ഇയിലേക്ക് പ്രവേശിക്കുമ്പോഴും, അവിടെ നിന്ന് തിരികെ മടങ്ങുമ്പോഴും ഇക്കാര്യം യു എ ഇ കസ്റ്റംസ് അധികൃതരെ അറിയിക്കേണ്ടതാണ്.
ബാഗേജുകളുമായി ബന്ധപ്പെട്ട് യാത്രികർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്:
- യു എ ഇയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി യാത്രികർ തങ്ങളുടെ ലഗേജ് പരിശോധിക്കേണ്ടതും മതിയായ അനുമതിയില്ലാതെ തങ്ങളുടെ കൈവശം നിരോധിക്കപ്പെട്ടതോ നിയന്ത്രണവിധേയമായതോ ആയ യാതൊരു വസ്തുക്കളും കരുതിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്.
- മറ്റ് യാത്രക്കാരിൽ നിന്ന് ബാഗുകളോ പൊതികളോ വാങ്ങരുത്/ മറ്റുള്ളവരുടെ ലഗേജ് കൈകാര്യം ചെയ്യരുത്.
- നിയന്ത്രണവിധേയമായ മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ഇതിന് ആവശ്യമായ അനുമതി മുൻകൂട്ടി നേടുകയും അവയെക്കുറിച്ചുള്ള വൈദ്യരേഖകൾ കൈവശം കരുതുകയും ചെയ്യേണ്ടതാണ്.
- യാത്ര ചെയ്യുന്നതിന് മുൻപ്, മരുന്നുകൾ ഉൾപ്പെടെ നിരോധിക്കപ്പെട്ടവയും, നിയന്ത്രണവിധേയമായവയുമായ വസ്തുക്കളുടെ ഏറ്റവും പുതിയ പട്ടിക പരിശോധിക്കേണ്ടതാണ്. ഇതിനായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതാണ്.
യു എ ഇയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഈ മാർഗ്ഗരേഖയുടെ പൂർണ്ണ രൂപം https://www.indembassyuae.gov.in/content/Advisory-on-Prohibited-Items.pdf എന്ന വിലാസത്തിൽ പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്.

