അബുദാബി: മുസഫയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

GCC News

മുസഫയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് പ്രഖ്യാപനം നടത്തി. 2026 ഒക്ടോബർ 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പുതിയ എക്സ്പ്രസ്‌വേയും പാലങ്ങളും ഉൾപ്പെടെ മുസഫയിൽ 13 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രാസമയം ലാഭിക്കുന്നതിനുമായാണ് ബൃഹത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്.

വ്യാവസായിക മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി, സായിദ് സിറ്റി എന്നിവയ്ക്കിടയിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന രീതിയിലാണ് മുസഫയിലെ പ്രധാന റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മുസഫയിലെ E30 പാതയിലും 8th സ്ട്രീറ്റ് എന്നവിടങ്ങളിലായിഏകദേശം 13 കിലോമീറ്റർ ദൂരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി 8th സ്ട്രീറ്റിലൂടെ കടന്നുപോകുന്ന രീതിയിൽ ഇരുവശത്തേക്കും തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കുന്ന മൂന്ന് വീതം ലെയിനുകളുള്ള പുതിയൊരു ഹൈവേ നിർമ്മിക്കുന്നതാണ്. എക്സ്പ്രസ്‌വേയിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ തന്നെ പ്രദേശത്തെ കടകളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനായി, പ്രധാന പാതയുടെ ഇരുവശത്തുമായി മൂന്ന് അധിക ലെയിനുകൾ കൂടി ഇതിൽ ഉൾപ്പെടുത്തുന്നതാണ്. മണിക്കൂറിൽ ഏകദേശം 4,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പുതിയ പാതയ്ക്ക് ശേഷിയുണ്ടായിരിക്കും.

ഇതിന് പുറമെ, E30 പാതയിലെ നാല് ഇന്റർചേഞ്ചുകളുടെ നവീകരണം, 8th സ്ട്രീറ്റിലേക്കും E20 പാതയിലേക്കും മികച്ച ബന്ധം ഉറപ്പാക്കുന്നതിനുള്ള നിർമ്മാണങ്ങൾ, ഒമ്പത് പ്രധാന ജംഗ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുക എന്നീ പ്രവർത്തികളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതാണ്. മുസഫയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിൽ രണ്ട് പുതിയ പാലങ്ങളും, കാൽനടയാത്രക്കാർക്കായി മാത്രമുള്ള ഒരു പാലവും നിർമ്മിക്കാനുള്ള പദ്ധതികളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.