ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു

GCC News

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് നാല് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 മെയ് 11-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അൽ ഖുസൈസ്, ജുമേയ്‌റ വില്ലേജ് സർക്കിൾ, അൽ വർഖാ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നിവിടങ്ങളിലേക്ക് കൂടിയാണ് RTA ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി.

അൽ ബർഷ, അൽ നഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ്‌, ദുബായ് അക്കാഡമിക് സിറ്റി, അൽ റിഗ്ഗ, പോർട്ട് സയീദ്, ബിസിനസ് ബേ, ഡൌൺടൌൺ ദുബായ്, ഔദ് മേത, ബർഷ ഹൈറ്റ്സ്, അൽ കരാമ, അൽ മൻഖൂൽ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ എന്നിവിടങ്ങളിൽ RTA നേരത്തെ ഈ സേവനം നൽകുന്നുണ്ട്. ഇതോടെ ദുബായിൽ പതിനേഴ് ഇടങ്ങളിൽ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ലഭ്യമാണ്.

ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനായി 49 ബസുകളാണ് RTA ഉപയോഗിക്കുന്നത്.