രാജ്യത്തെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ കുവൈറ്റിൽ നടപ്പിലാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിയമവിരുദ്ധമായ ബിസിനസുകൾക്ക് തടയിടുന്നത് ലക്ഷ്യമിട്ടാണിത്. രഹസ്യമാക്കി വെക്കുന്ന തരത്തിലുള്ള വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ’78/2026′ എന്ന പുതിയ നിയമം കുവൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് കുവൈറ്റിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരുന്നതാണ്. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും, ബിസിനസ്സ് അന്തരീക്ഷം ക്രമീകരിക്കുകയും അതുവഴി സുതാര്യത, നീതി, തുല്യ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായാണ് കുവൈറ്റ് ഈ നിയമം നടപ്പിലാക്കുന്നത്.
ലൈസൻസ് നേടാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനും, നിയമം ലംഘിച്ച് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ കണ്ടെത്തുന്നതിനും, അത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനും ഈ നിയമം ലക്ഷ്യം വെക്കുന്നു. ലൈസൻസ് നേടാതെയോ, അനുവദിച്ച ലൈസൻസിന്റെ പരിധി മറികടന്നോ സ്വന്തമായോ, അല്ലെങ്കിൽ മറ്റുള്ളവരുമായി പങ്കാളിത്തത്തിലോ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ഒരു വ്യക്തിയെ ഈ നിയമം വിലക്കുന്നു. നേരിട്ടോ അല്ലാതെയോ നിയമം ലംഘിച്ച് കൊണ്ട് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഏതെങ്കിലും വ്യക്തിയെ പ്രാപ്തമാക്കുന്നത് ഈ നിയമം തടയുന്നു.
ഇത്തരം പ്രവർത്തനങ്ങൾക്ക് ഈ നിയമത്തിലെ ആർട്ടിക്കിൾ മൂന്ന് പ്രകാരം ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും, 10,000 മുതൽ 100,000 വരെ, അല്ലെങ്കിൽ ആകെ ലഭിച്ച ലാഭത്തിന്റെ തത്തുല്യമായ തുക, ഏതാണ് ഉയർന്നത്, ആ തുക പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. നിയമലംഘകരുടെ എണ്ണത്തിനോ നിയമലംഘന പ്രവർത്തനങ്ങളുടെ എണ്ണത്തിനോ അനുസൃതമായി പിഴകൾ ഉയരുന്നതാണ്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന വിദേശികൾക്ക് മേൽപ്പറഞ്ഞ ശിക്ഷാനടപടികൾക്ക് പുറമെ കുവൈറ്റിൽ നിന്ന് നാട് കടത്തൽ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.

