ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് എൻട്രി പെർമിറ്റിൽ ഇളവ്

GCC News

യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) സ്വയമേവ അനുവദിക്കുന്നതിനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. നവംബർ 29, ഞായറാഴ്ച മുതൽ ഈ തീരുമാനം നടപ്പിലാകുന്നതാണെന്ന് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിലൂടെ പുറത്തു വിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ തീരുമാനപ്രകാരം, നവംബർ 29 മുതൽ ഖത്തറിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക്, ഖത്തറിൽ നിന്ന് യാത്ര ആരംഭിക്കുന്ന അവസരത്തിൽ തന്നെ തിരികെ മടങ്ങിയെത്തുന്നതിനുള്ള അനുവാദം നൽകുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ ആഭ്യന്തര മന്ത്രാലയം സ്വയമേവ അനുവദിക്കുന്നതാണ്. യാത്ര പുറപ്പെട്ട ശേഷം പ്രവാസികൾക്കോ, അവരുടെ തൊഴിലുടമകൾക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ പെർമിറ്റുകൾ പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.

നവംബർ 29 മുതൽ ഖത്തറിൽ നിന്ന് യാത്ര ചെയ്‌ത ശേഷം തിരികെ മടങ്ങുന്ന പ്രവാസികൾക്ക് ‘exceptional entry permit‘ ലഭിക്കുന്നതിനായി ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ പ്രത്യേക അപേക്ഷകൾ നൽകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഖത്തറിന് പുറത്തുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്തുന്നതിനുള്ള നടപടികളിൽ മാറ്റങ്ങൾ ഇല്ലെന്നും, ഇവർക്ക് മടങ്ങിയെത്തുന്നതിനായി ഖത്തർ പോർട്ടലിലൂടെ ലഭിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ഇളവ് നിലവിൽ ഖത്തറിലുള്ള പ്രവാസികൾ യാത്ര ചെയ്ത ശേഷം തിരികെ എത്തുന്നത് സംബന്ധിച്ച് മാത്രമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പേർക്കും ഒരാഴ്ചത്തെ ക്വാറന്റീൻ നിർബന്ധമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റീൻ അനുവദിക്കുന്നതാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.