കുവൈറ്റ്: പ്രവാസി തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അംബാസഡർ PAM ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

GCC News

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഡയറക്ടർ മർസൂഖ് അൽ ഒതൈബി, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ കൂടിക്കാഴ്ച നടത്തി. കുവൈറ്റിലേക്ക് ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും, അവരുടെ തൊഴിലവസരങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ചകൾ നടത്തി.

കുവൈറ്റിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ തൊഴിൽ പ്രശ്നങ്ങളുടെ പരിഹാര മാർഗങ്ങൾ, തൊഴിൽ മേഖലയിലെ വിവിധ നയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതലായവ ഇന്ത്യൻ അംബാസഡർ PAM ഡയറക്ടർക്ക് മുൻപിൽ അവതരിപ്പിച്ചു. കുവൈറ്റിലേക്ക് ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Source: Indian Embassy, Kuwait.

പ്രത്യേക തൊഴിൽ നിപുണതകളുള്ള ജീവനക്കാർക്ക് കുവൈറ്റിലുള്ള അവസരങ്ങളെക്കുറിച്ച് PAM ഡയറക്ടർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികൾ ഉൾപ്പടെയുള്ള മുഴുവൻ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും അതോറിറ്റി കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ഇന്ത്യൻ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ PAM നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യൻ അംബാസഡർ നന്ദി അറിയിച്ചു. പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് ഈ ചർച്ചയിൽ പങ്കെടുത്തു.

Cover Image: Indian Embassy, Kuwait.