COVID-19 ഒമിക്രോൺ വകഭേദം: കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നു; ക്വാറന്റീൻ കർശനമാക്കാൻ നിർദ്ദേശം

featured Kerala News

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയതായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് അവർ അറിയിച്ചു.

കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കേന്ദ്ര മാർഗനിർദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സംസ്ഥാനത്തെ എയർപോർട്ടുകളിൽ വീണ്ടും PCR പരിശോധന നടത്തുന്നതാണ്. സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും കൂടുതൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നതായി അവർ കൂട്ടിച്ചേർത്തു.

ഇത്തരം യാത്രികർ കർശനമായി ഏഴ് ദിവസം ക്വാറന്റീനിലിരിക്കണമെന്നും, അതിന് ശേഷം വീണ്ടും PCR പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രോഗ സംശയമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കുന്നതാണ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും COVID-19 മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും മന്ത്രി ആവശ്യപ്പെട്ടു. വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാനും അവർ നിർദ്ദേശിച്ചിട്ടുണ്ട്.

https://www.mohfw.gov.in/pdf/ListofCountriestobereferredtoincontextofGuidelinesforinternationalarrivalsdated20thOctober2021.pdf എന്ന വിലാസത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം യു കെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളെ 2021 നവംബർ 26-ന് രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

With inputs from Kerala PRD.