വിളഞ്ഞ പച്ച ചക്ക കൊണ്ട് തയ്യാറാക്കുന്ന ചക്ക പുഴുക്ക് (അഥവാ ചക്ക കുഴച്ചത്, ചക്ക വേവിച്ചത്) നാടൻ രുചികൾ ഇഷ്ടപെടുന്നവർക്കെല്ലാം പ്രിയങ്കരമായ ഒരു വിഭവമാണ്. അതി രുചികരമായ ഈ നാടൻ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ആവശ്യമായ വിഭവങ്ങൾ:
ചെറിയ ഒരു പച്ച ചക്കയുടെ പകുതി – ചെറിയ കശ്നങ്ങളാക്കി നുറുക്കിയത്.
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 1 എണ്ണം
ജീരകം – 1/2 ടേബിൾസ്പൂൺ
നാളികേരം – 1 മുറി
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1/2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
കറിവേപ്പില
നാടൻ ചക്ക പുഴുക്ക് തയ്യാറാക്കുന്ന വിധം:
- ചക്ക ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
- ചിരകിയ നാളികേരം (പകുതി), പച്ചമുളക്, ജീരകം, ഉള്ളി, വെളുത്തുള്ളി എന്നിവ നല്ല പോലെ അരച്ചെടുക്കുക.
- ബാക്കി ഉള്ള നാളികേരം ഒന്നു ചതച്ചെടുക്കുക.
- അതിനു ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച ചക്കയും, അരപ്പും, ചതച്ചു വെച്ച നാളികേരവും, മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.
- പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറന്ന് എല്ലാം നല്ല പോലെ ഉടച്ചു യോജിപ്പിക്കുക.
- അതിനു ശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, കറിവേപ്പിലയും ചേർക്കുക.
ഇത്രയേ വേണ്ടു, നമ്മുടെ നാടൻ ചക്ക പുഴുക്ക് തയ്യാർ!
തയ്യാറാക്കിയത്: ഹിമ ഇ [മാളൂസ് കിച്ചൻ]