ഒമാൻ: മാർച്ച് 6 മുതൽ മസ്‌കറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ പ്രയോഗക്ഷമമാക്കും

Oman

2022 മാർച്ച് 6 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ മുനിസിപ്പാലിറ്റി പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതാണ്. മസ്‌കറ്റിലെ താഴെ പറയുന്ന ഇടങ്ങളിലാണ് 2022 മാർച്ച് 6 മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത്:

  • റുവിയിലെ സുൽത്താൻ മോസ്‌കിന് ചുറ്റുമുള്ള കാർ പാർക്ക്.
  • സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ.
  • അൽ ഖൗദ് സൂഖിലെ പുതിയ കാർ പാർക്ക്, ഒറീഡോ വ്യാപാരശാലയ്ക്ക് പിറകിലെ കാർ പാർക്ക്.

ദിനവും (വെള്ളി, ശനി മറ്റു പൊതു അവധി ദിനങ്ങൾ എന്നീ ദിവസങ്ങൾ ഒഴികെ) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും, വൈകീട്ട് 4 മുതൽ രാത്രി 9 വരെയും ഫീസ് ഈടാക്കുന്ന രീതിയിലാണ് ഈ പാർക്കിംഗ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ 2022 മാർച്ച് മാസം മുതൽ പാർക്കിംഗ് ഫീസ് ഈടാക്കിക്കൊണ്ടുള്ള പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് 2022 ഫെബ്രുവരി 6-ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകിയിരുന്നു. മസ്കറ്റ് ഗവർണറേറ്റിലെ കാർ പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള ‘151/2016’ എന്ന തീരുമാനം അനുസരിച്ചാണ് ഈ നടപടി.