സൗദി അറേബ്യ: അമിത വേഗം മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ട്രാഫിക് പിഴ തുകകളിലുള്ള ഇളവ് ബാധകമല്ല

featured GCC News

രാജ്യത്ത് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കിയിട്ടുള്ള ട്രാഫിക് പിഴ തുകകളിലെ പ്രത്യേക ഇളവ് അമിത വേഗം, ഓവർടേക്കിങ് എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ബാധകമല്ലെന്ന് സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഏപ്രിൽ 18-ന് ശേഷം വരുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 75 പ്രകാരം 25 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം സംബന്ധിച്ചാണ് അധികൃതർ വ്യക്തത നൽകിയത്. ഈ ഇളവ് അമിത വേഗം, ഓവർടേക്കിങ് എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഉൾപ്പടെയുളള ഏതാനം വിഭാഗം ട്രാഫിക് പിഴകൾക്ക് ബാധകമല്ല.

വാഹനം റോഡുകളിൽ ഡ്രിഫ്റ്റ് ചെയ്ത് ഓടിക്കുന്നവർ, ലൈസൻസ് കൂടാതെ ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്നവർ, വാഹനങ്ങളുടെ ഭാരം, വലിപ്പം മുതലായവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, ലൈസൻസ്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ എന്നിവ അധികൃതർ പിടിച്ചെടുത്ത ശേഷം വീണ്ടും വാഹനം ഓടിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്കും ഈ ഇളവ് ലഭിക്കുന്നതല്ല.

ഇതിന് പുറമെ, രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പദ്ധതി 2024 ഏപ്രിൽ 18 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2024 ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള ആറ് മാസ കാലയളവിൽ എല്ലാ പിഴതുകകളും ഇളവോടെ അടച്ച് തീർക്കാവുന്നതാണ്. എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.