ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് മധുരം കിനിയുന്ന രുചികരമായ ഒരു പൈനാപ്പിൾ പുളിശ്ശേരി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ വിഭവങ്ങൾ:
പൈനാപ്പിൾ – ഒരെണ്ണത്തിന്റെ പകുതി (നല്ല പഴുത്ത പൈനാപ്പിൾ തിരഞ്ഞെടുക്കുക) ചെറുതായി കഷ്ണങ്ങളാക്കുക
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
മോര് – പുളി അനുസരിച്ച് ആവശ്യത്തിന്
അരപ്പ് തയ്യാറാക്കാൻ
നാളികേരം – 1 മുറി ചിരകിയത്
ജീരകം – കാൽ ടീസ്പൂൺ
പച്ച മുളക് – 2 എണ്ണം
താളിക്കാൻ
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉലുവ – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
- ചെറുതായി നുറുക്കിയ പൈനാപ്പിൾ കഷ്ണങ്ങൾ ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളത്തിൽ വേവിച്ചെടുക്കുക. ഇത് വെന്തുകിട്ടാൻ അധികം സമയം ആവശ്യമില്ല.
- നാളികേരം, ജീരകം, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. വെന്ത പൈനാപ്പിളിലേക്ക് ഈ അരപ്പും പുളിക്ക് ആവശ്യത്തിന് മോരും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഉപ്പും മധുരവും എല്ലാം പാകം നോക്കുക. ആവശ്യമെങ്കിൽ അല്പം പഞ്ചസാര ചേർത്തുകൊടുക്കാം.
- ഇത് പതഞ്ഞു തുടങ്ങുമ്പോൾ അടുപ്പത്തു നിന്ന് മാറ്റാം.
- ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉലുവ എന്നിവ പൊട്ടിച്ച ശേഷം പുളിശ്ശേരിയിലേക്ക് ചേർത്തിളക്കുക.
രുചികരമായ പൈനാപ്പിൾ പുളിശ്ശേരി തയ്യാർ!
തയാറാക്കിയത്: ഹാംലറ്റ് ഇ, കൊച്ചി