യു എ ഇ: സൗദിയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു

GCC News

ബാലിസ്റ്റിക് മിസൈലുകളും, ബോംബുകൾ വഹിച്ചുള്ള ഡ്രോണുകളും ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ യു എ ഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷ്ണൽ കോഓപ്പറേഷൻ (MoFAIC) ശക്തമായി അപലപിച്ചു. 2022 മാർച്ച് 20-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദിയിലെ സാധാരണ ജനങ്ങൾ താമസിക്കുന്ന സൈനികേതര ഇടങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം കരുതിക്കൂട്ടിയുളള ആക്രമണങ്ങളെ MoFAIC പുറത്തിറക്കിയ പത്രക്കുറിപ്പിൽ ശക്തമായി അപലപിച്ചിട്ടുണ്ട്. തുടർച്ചയായി നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും MoFAIC വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹൂതികൾ തൊടുത്ത് വിട്ട ഏതാനം ബാലിസ്റ്റിക് മിസൈലുകളും, ബോംബുകൾ വഹിച്ചുള്ള ഡ്രോണുകളും അറബ് സഖ്യകക്ഷി സേന, റോയൽ സൗദി എയർ ഡിഫെൻസ് ഫോഴ്സസ്, റോയൽ സൗദി എയർ ഫോഴ്സ് എന്നിവർ ചേർന്ന് തടഞ്ഞിരുന്നു. എന്നാൽ ഇതിൽ ഏതാനം മിസൈലുകൾ സൗദി അറേബ്യയിലെ പാർപ്പിട കെട്ടിടങ്ങൾക്കും, സിവിലിയൻ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.

WAM