എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ

featured GCC News

തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്. ‘പൈതൃകത്തിന്റെ പരിപാലനം’ എന്ന ആശയം പ്രതിഫലിപ്പിക്കുന്നതാണ് ഈ പവലിയൻ.

യു എ ഇയുടെ കാർഷിക പാരമ്പര്യം, കാർഷിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മുന്നോടികൾ, ഭക്ഷ്യസുരക്ഷ, സുസ്ഥിരത എന്നിവയിലേക്ക് അവർ തെളിച്ച വഴികൾ എന്നിവ ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്. യു എ ഇയുടെ കാർഷിക പൈതൃകം, അതിന്റെ ചരിത്രം, ഭൂതം, ഭാവി എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ പവലിയന്റെ മേൽനോട്ടം യു എ ഇ വിദേശകാര്യ മന്ത്രാലയം, സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൌണ്ടേഷൻ, നാഷണൽ പ്രോജക്ട്സ് ഓഫീസ് എന്നിവർക്കാണ്.

Source: WAM.

ഏർലി ഡ്രീമേഴ്‌സ്, ഔർ ഫൗണ്ടിങ്ങ് ഫാദർ ആൻഡ് ഹിസ് ഫെലോ റൂളേഴ്‌സ് ഓഫ് ദി നേഷൻ, ഔർ ലാൻഡ്, ഔർ കോർ, ഡ്രീമേഴ്‌സ് ഹു ഡൂ, ഔർ ലെഗസി എന്നിങ്ങനെ ആറ് വ്യത്യസ്ത അനുഭവങ്ങളാണ് ഈ പാവലിയനിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. എല്ലാവർക്കുമായി സുസ്ഥിരമായ ഒരു ഭാവി നിർമ്മിക്കുന്നതിനായി യു എ ഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഈ അനുഭവങ്ങളിലൂടെ സന്ദർശകർക്ക് മനസ്സിലാക്കാവുന്നതാണ്.

Source: WAM.

ഗാഫ് മരത്തിൽ നിന്നും, അതിന്റെ സങ്കീര്‍ണ്ണമായ വേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. കുഴച്ചെടുത്ത മണ്ണ് കൊണ്ട് നിർമ്മിച്ച ചുവരുകൾ, ഈന്തപ്പനയോല മെടഞ്ഞെടുത്ത മേൽക്കൂര എന്നിവ ഈ പവലിയന്റെ പ്രത്യേകതകളാണ്.

യു എ ഇയുടെ വിവിധ മേഖലകളിൽ കണ്ട് വരുന്ന സസ്യജാലങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഒരു പൂന്തോട്ടവും ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഈ പൂന്തോട്ടത്തിൽ 65 സ്പീഷീസുകളിൽ നിന്നുള്ള ആറായിരത്തിലധികം ചെടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു എ ഇ ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് വകുപ്പ് മന്ത്രി മരിയം അൽ മിഹെയ്‌രിയാണ് ഈ പവലിയൻ ഉദ്ഘാടനം ചെയ്തത്.

2023 ഒക്ടോബർ 2-ന് നടന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ പവലിയൻ സന്ദർശിച്ചിരുന്നു.

WAM