സൗദി അറേബ്യ: റിയാദ് മെട്രോ ശൃംഖലയിലെ വെസ്റ്റേൺ സ്റ്റേഷൻ തുറന്ന് കൊടുത്തു

GCC News

റിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള വെസ്റ്റേൺ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു. റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

2026 മെയ് 14-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് മെട്രോയുടെ നാല് ഐക്കണിക് സ്റ്റേഷനുകളിൽ ഏറ്റവും വലുതാണ് 112,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെസ്റ്റേൺ സ്റ്റേഷൻ.

Source: Saudi Press Agency.

വലിപ്പം, സുസ്ഥിരത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വെസ്റ്റേൺ സ്റ്റേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കാര്യക്ഷമതയ്ക്കും പാരിസ്ഥിതിക പ്രകടനത്തിനും ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവിറോണ്മെന്റൽ ഡിസൈൻ ഗോൾഡ് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട് ഈ സ്റ്റേഷൻ.

Source: Saudi Press Agency.

വാണിജ്യ ഇടങ്ങൾ, 550 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പള്ളി, പൊതു സൗകര്യങ്ങൾ, 600-ൽ അധികം വാഹനങ്ങൾ ഉൾക്കൊള്ളനാകുന്ന ഒരു പാർക്കിംഗ് ഏരിയ എന്നിവ ഇതിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. മണിക്കൂറിൽ 60,000-ൽ അധികം റെയിൽ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് ഈ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.

റിയാദിലുടനീളമുള്ള റൂട്ടുകളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഇന്റർചേഞ്ച് ഹബ്ബാണ് വെസ്റ്റേൺ സ്റ്റേഷൻ. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലുള്ള വെസ്റ്റേൺ സ്റ്റേഷൻ റിയാദ് നഗരമധ്യത്തിന് തെക്ക് പടിഞ്ഞാറായി ദഹ്‌റത്ത് അൽ-ബദിയ ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്നു.