സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

GCC News

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2026 ഓഗസ്റ്റ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്‌കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്‌കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് എമിറേറ്റിലെ ബസുകളിൽ പ്രത്യേക സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്. ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം.

ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും, 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.