ദുബായ്: അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് RTA രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി

GCC News

അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി. 2026 ഓഗസ്റ്റ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിലെ പ്രധാന റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള RTA-യുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണ് അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതി. ഇതിനായി 1.161 ബില്യൺ ദിർഹം മൊത്തം ചെലവിൽ രണ്ട് കരാറുകളാണ് RTA ഇപ്പോൾ നൽകിയിരിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും തന്ത്രപരമായ പിന്തുണ നൽകുന്ന ഇടനാഴിയായി ഈ പദ്ധതി മാറുന്നതാണ്. ഈ പദ്ധതി വടക്ക്-തെക്ക് ദിശയിലുള്ള ഗതാഗത ശേഷി 18% വർദ്ധിപ്പിക്കുന്നതാണ്.

Source: Dubai RTA.

ആകെ 500,000-ത്തിലധികം പേർ താമസിക്കുന്ന നിരവധി റെസിഡൻഷ്യൽ, ഡെവലപ്‌മെന്റ് മേഖലകൾക്ക് സേവനം നൽകുന്ന ഈ പദ്ധതി 2028 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ മനാമ സ്ട്രീറ്റിൽ നിന്നും ദുബായ്-അൽ ഐൻ റോഡിൽ നിന്നും ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയ്ക്കുന്നതിന് ഈ പദ്ധതി കാരണമാകുന്നതാണ്.

ദുബായിയുടെ പ്രധാന തന്ത്രപ്രധാന ഇടനാഴികളിൽ ഒന്നാണ് അൽ മെയ്ദാൻ സ്ട്രീറ്റ് എന്നും, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും സമാന്തരമായി പ്രവർത്തിക്കുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ റോഡ് വികസിപ്പിക്കുന്നതിനും, പ്രധാന റോഡ് ശൃംഖലയിലുടനീളം കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും, ഗതാഗത വിതരണം മെച്ചപ്പെടുത്തുന്നതിനും, ഗതാഗത ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും, പ്രധാന മേഖലകൾക്കിടയിൽ മൊബിലിറ്റി കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നും RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുടെ ഭാഗമായി 3,700 മീറ്റർ പാലങ്ങൾ, 17 കിലോമീറ്റർ റോഡുകൾ എന്നിവ നിർമ്മിച്ച് കൊണ്ട് അൽ മെയ്ദാൻ സ്ട്രീറ്റിലൂടെയുള്ള നിരവധി പ്രധാന ഇന്റർസെക്ഷനുകൾ വികസിപ്പിക്കുന്നതാണ്.