ദുബായ്: എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ 30 ശതമാനം പൂർത്തിയാക്കി

GCC News

എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ മുപ്പത് ശതമാനം പൂർത്തിയാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ അറിയിച്ചു. 2026 ജൂലൈ 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 750 ദശലക്ഷം ദിർഹം ചെലവ് കണക്കാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ എമിറേറ്റ്‌സ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

രണ്ട് വർഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ പദ്ധതിയുടെ നിർമ്മാണം ഉദ്ദേശിച്ചിട്ടുള്ള സമയക്രമത്തിനും നേരത്തെ എന്ന രീതിയിലാണ് പുരോഗമിക്കുന്നത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 65 ശതമാനം കുറക്കുന്നതിനും, ഗതാഗതത്തിന്റെ ഒഴുക്ക് 70 ശതമാനം സുഗമമാക്കുന്നതിനും ലക്ഷ്യമിടുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം മണിക്കൂറിൽ 9000 വാഹനങ്ങൾക്ക് ഈ മേഖലയിലൂടെ സഞ്ചരിക്കാനാകുന്നതാണ്.

എമിറേറ്റ്സ് റോഡിൽ അൽ ഐൻ ഇന്റർചേഞ്ചിൽ നിന്ന് 11 കിലോമീറ്റർ നീളത്തിലുള്ള മേഖലയിൽ ഇരുവശത്തേക്കും റോഡ് മൂന്ന് ലെയിനിൽ നിന്ന് ആറ് ലെയിനാക്കുന്ന പ്രവർത്തികൾ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതാണ്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, തടസ്സങ്ങൾ കുറയ്ക്കുന്നതിനും, മേഖലയിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 14 പാലങ്ങളുടെയും അഞ്ച് തുരങ്കങ്ങളുടെയും നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ഷാർജയിലെ അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉം അൽ കുവൈൻ വരെ 25 കിലോമീറ്റർ നീളത്തിൽ ഇരുവശത്തേക്കും എമിറേറ്റ്സ് റോഡ് മൂന്ന് വരികളിൽ നിന്ന് അഞ്ച് വരികളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ റാസൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.