നന്നേ ചെറുതിൽ നിന്ന് വളർന്ന് മൂപ്പെത്തുന്നതിനു മുന്നേയുള്ള ഇടത്തരം വലുപ്പത്തിലുള്ള ചക്കയെയാണ് ഇടച്ചക്ക, ഇടിച്ചക്ക (Tender Jackfruit) എന്നെല്ലാം വിളിക്കുന്നത്. ഊണിലേക്ക് അതീവ രുചികരമായ ഒരു കൂട്ടാണ് ഇടിചക്കകൊണ്ടുണ്ടാക്കുന്ന ഉപ്പേരി അഥവാ തോരൻ.
വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവയുടെ കൊതിയൂറുന്ന രുചികളിൽ ചേർന്ന് തോരനായി മാറുന്ന ഇടിച്ചക്ക ഊണിലേക്കും, കഞ്ഞിക്കൊപ്പവും എല്ലാം വിളമ്പാവുന്ന നല്ലൊരു നാടൻ വിഭവമാണ്.
ഇടിച്ചക്ക വൃത്തിയാക്കിയെടുക്കുന്ന വിധം:
ചക്ക വിഭവങ്ങൾ ഉണ്ടാകുന്നതിന് മുന്നേ കയ്യിൽ അല്പം വെളിച്ചെണ്ണ പുരട്ടുക. ചക്കയുടെ മുളഞ്ഞിൽ അഥവാ പശ കയ്യിൽ ഒട്ടിപിടിക്കുന്നത് ഇങ്ങിനെ ഒഴിവാക്കാം.
ഇടിച്ചക്ക നെടുകെ മുറിക്കുക. ചക്കയുടെ മുളഞ്ഞിൽ ഒരു ചെറിയ മരക്കഷ്ണത്തിലേക്ക് ചുറ്റിച്ചെടുത്ത് നീക്കം ചെയ്യാം. അതിനു ശേഷം ചക്കയുടെ മുള്ളും തൊലിയും നീക്കം ചെയ്യുക. ചക്കയെ ചെറു കഷ്ണങ്ങളാക്കി മുറിച്ച് വെക്കുക.
ആവശ്യമായ വിഭവങ്ങൾ:
ഇടിച്ചക്ക – 1
ചെറിയ ഉള്ളി – 10 എണ്ണം
കടുക് – ആവശ്യത്തിന്
വറ്റൽമുളക് – 3-4 എണ്ണം
കറിവേപ്പില – 1-2 തണ്ട്
ഉഴുന്നുപരിപ്പ് – അൽപ്പം
പച്ചവെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം:
- മുറിച്ചു വൃത്തിയാക്കിയ ഇടിച്ചക്ക കഷ്ണങ്ങൾ ഒരു പാത്രത്തിലെടുക്കുക. ഇടിച്ചക്ക കഷ്ണങ്ങൾക്ക് നികക്കെ വെള്ളം ചേർത്ത് അൽപ്പം ഉപ്പും ഒരു നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക.
- വേവിച്ച ഇടിച്ചക്ക കഷ്ണങ്ങൾ ചൂടാറിയ ശേഷം നല്ല പോലെ ചതച്ചെടുക്കുക. ചതച്ചെടുക്കുമ്പോൾ ഒട്ടും വെള്ളം ഇല്ലാതെ നോക്കണം. (ചതച്ചെടുക്കുന്നതിനു പകരം ആദ്യം വേവിക്കുമ്പോൾ തന്നെ ഇടിച്ചക്ക ചെറു കഷ്ണങ്ങളാക്കി നുറുക്കിയും തോരൻ ഉണ്ടാകാവുന്നതാണ്. എന്നാൽ ഇടിച്ചെടുക്കുന്ന രീതിയാണ് പൊതുവെ ഇടിച്ചക്ക തോരന് കാണാറുള്ളത്.) ഇത് കൈകൊണ്ട് നല്ല പോലെ ഉലർത്തിയെടുത്ത് മാറ്റി വെക്കുക.
- ഒരു ചീനച്ചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. വറ്റൽ മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്, തൊലികളഞ്ഞ ശേഷം ചെറുതായി നുറുക്കിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇത് നല്ല പോലെ വഴന്നു വരുമ്പോൾ ചതച്ച് മാറ്റിവെച്ച ഇടിച്ചക്ക ചേർത്ത് ഇളക്കി ചേർക്കുക. ഇത് നല്ല പോലെ വാട്ടിയെടുക്കുക. അല്പം പച്ചവെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേർത്ത് വിളമ്പാം.
Note: ഇതിൽ ചതച്ചുവെച്ച ഇടിച്ചക്ക ചേർക്കുമ്പോൾ തന്നെ ഒരു പിടി ചിരകിയ നാളികേരം, ഒരു പച്ചമുളക്, അല്പം ജീരകം എന്നിവ ചതച്ചെടുത്തത് കൂടി ചേർത്ത് നല്ല പോലെ ഇളക്കി ചേർത്ത് അൽപ നേരം അടച്ച് വെച്ച് വേവിച്ചെടുത്തും ഈ തോരൻ ഉണ്ടാകാവുന്നതാണ്. ജീരകത്തിൻറെ രുചി ഇഷ്ടമല്ലാത്തവർക്ക് ഈ തോരൻ ഇറക്കിവെക്കുന്നതിനു തൊട്ടുമുന്നെ ഒരു പിടി ചിരകിയ നാളികേരം മാത്രം ചേർത്ത് ഇളക്കിയെടുത്തും ഇത് കൂടുതൽ രുചികരമാക്കാം.
തയ്യാറാക്കിയത്: ഹിമ ഇ [മാളൂസ് കിച്ചൻ]
Wonderful… Nostalgic recipe…