വെണ്ടയ്ക്ക തീയ്യൽ

Curry Ruchikoott Vegetarian

പോഷക സമ്പുഷ്ടമാണ് വെണ്ടയ്ക്ക. കാൽസ്യം, അയൺ, പൊട്ടാസ്യം, ജീവകം എ, ജീവകം സി, ജീവകം കെ, ദഹന സഹായിയായ ധാരാളം നാരുകൾ എന്നിവ അടങ്ങിയ ഈ പച്ചക്കറി ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.

ഇന്ന് രുചിക്കൂട്ടിലൂടെ okra, ladie’s finger എന്നെല്ലാം ആംഗലേയത്തിൽ വിളിപ്പേരുള്ള വെണ്ടയ്ക്ക കൊണ്ട് ഒരു തീയ്യൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി അധികം മൂപ്പിലാത്ത വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ആവശ്യമായ വിഭവങ്ങൾ:

വെണ്ടയ്ക്ക – 10 എണ്ണം, ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത്
സവാള – 2 (ഇടത്തരം)
പച്ചമുളക് – 3 എണ്ണം
ചെറിയ ഉള്ളി – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം, ചെറുതായി അരിഞ്ഞത്
പുളി – അല്പം
മല്ലിപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളക്പൊടി – ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒന്നോ രണ്ടോ തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

  • ഒരു പാനിൽ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ വെണ്ടക്കായ, ചെറുതായി നുറുക്കിയ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.
  • ഇവ വഴന്നു വരുമ്പോൾ അതിലേക്ക് അല്പം പുളിപിഴിഞ്ഞ വെള്ളം (ഏകദേശം ഒന്നര ഗ്ലാസ് വെള്ളത്തിൽ) ചേർത്ത് നല്ലപോലെ ഇളക്കി വേവിക്കുക.
  • ഒരു പാനിൽ മല്ലിപൊടി, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ചൂടാക്കി കറിയിലേക്ക് ചേർത്ത് ഇളക്കിച്ചേർക്കുക. ഉപ്പ് നോക്കുക.
  • നമ്മുടെ കറി അത്യാവശ്യം കുറുകി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക.
  • അല്പം കറിവേപ്പില കൂടി ചേർത്ത് അടുപ്പത്ത് നിന്ന് വാങ്ങാം. വെണ്ടയ്ക്ക തീയ്യൽ തയ്യാർ.

തയ്യാറാക്കിയത്: ഹാംലറ്റ്. ഇ, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *