നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങിനെ രുചികരമായ ഒരു ചില്ലി ഗോബി തയ്യാറാക്കാം എന്ന് നോക്കാം.
1. കോളിഫ്ളവർ തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ:
മൈദ – 4 റ്റേബിൾസ്‌പൂൺ
ചോള പൊടി(Corn flour) – 3 റ്റേബിൾസ്‌പൂൺ
അരിപ്പൊടി – അര ടീസ്പൂൺ
സോയ സോസ് – 1 റ്റേബിൾസ്‌പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- മൈദയും, കോൺ ഫ്ലോറും, അരിപ്പൊടിയും നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക് പൊടിയും ഉപ്പും സോയ സോസും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.
- അതിനു ശേഷം ഓരോ അല്പം വെള്ളം ചേർത്ത് നല്ല കട്ടിയുള്ള ഒരു മാവ് തയ്യാറാക്കുക. ഇത് നല്ല പോലെ കട്ടിയുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. (മാവ് തയ്യാറാക്കുമ്പോൾ കുറേശേ ആയി വെള്ളം ചേർത്ത് മിക്സ് ചെയ്‌താൽ വെള്ളം കൂടുന്നത് ഒഴിവാക്കാൻ കഴിയും.)
- കോളിഫ്‌ളവർ നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ അല്ലികൾ ആക്കി വേർപ്പെടുത്തി എടുക്കുക. ഇത് തയ്യാറാക്കി വെച്ച മാവിൽ മുക്കി, നല്ലപോലെ ഓരോ കോളിഫ്‌ളവർ അല്ലിയിലും പിടിക്കുന്ന പോലെ മിക്സ് ചെയ്ത ശേഷം അരമണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക.
- ഒരു ഫ്രയിങ് പാനിൽ വറുത്തെടുക്കാൻ ഉള്ള അളവ് ഓയിൽ എടുത്ത ശേഷം, മീഡിയം ഫ്ലേമിൽ മാവ് പുരട്ടി വെച്ച കോളി ഫ്‌ളവർ അല്ലികൾ വറുത്ത് കോരിയെടുത്ത് മാറ്റി വെക്കുക.
2. ചില്ലി ഗോബി തയാറാക്കാൻ വേണ്ട സാധനങ്ങൾ:
ഓയിൽ – 2 റ്റേബിൾസ്‌പൂൺ
ഇഞ്ചി, വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് 1 റ്റേബിൾസ്‌പൂൺ
സവാള – 1 വലുത്, ചതുര കഷണങ്ങൾ ആയി അരിഞ്ഞത്
പച്ചമുളക് – 3
സോയ സോസ് – 3 റ്റേബിൾസ്‌പൂൺ
തക്കാളി സോസ് – 3 റ്റേബിൾസ്‌പൂൺ
പച്ചമുളക് സോസ് – അര ടീസ്പൂൺ
വിനാഗിരി – അര ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചോള പൊടി(Corn flour) – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
- ഒരു ഫ്രയിങ് പാനിൽ ഓയിൽ ചേർത്ത ശേഷം ഇഞ്ചി, വെള്ളുള്ളി എന്നിവ പച്ചമണം പോകുന്ന വരെ വഴറ്റുക.
- അതിലേക് സവാള ചേർത്ത് വഴറ്റുക.
- സവാള വഴന്ന് വരുമ്പോൾ പച്ചമുളക് ചേർക്കുക. അതിനു ശേഷം സോയ, തക്കാളി, പച്ചമുളക് സോസ്സുകൾ ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും, പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
- ഈ മസാലക്കൂട്ടിലേക് 2 കപ്പ് തിളച്ച വെള്ളം ചേർത്ത് തിളപ്പിക്കുക.
- അല്പം വെള്ളത്തിൽ ഒരു ടീസ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്സ് ചെയ്ത് കറിയിലേക്ക് ചേർക്കുക.
- ഇളക്കി യോജിപ്പിച്ച ശേഷം നേരത്തെ വറുത്ത് വെച്ച കോളി ഫ്‌ളവർ ഇതിലക്ക് ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഗ്രേവി കുറുകി വരുമ്പോൾ ഇറക്കി വെച്ച ശേഷം ചതുരത്തിൽ അരിഞ്ഞ സവാള ചേർത്ത് വിളമ്പാം.
ഇതിൽ പച്ചക്കറികൾ വഴറ്റുമ്പോൾ 1 കാപ്സിക്കം ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞതും അല്പം ഉള്ളിത്തണ്ട് അരിഞ്ഞതും ചേർത്താൽ കറിയുടെ രുചി കൂട്ടാം.
തയ്യാറാക്കിയത്
മാളൂസ് കിച്ചൻ