ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് തയ്യാറാക്കാവുന്ന ഒരു നാടൻ തേങ്ങാ ചമ്മന്തിയാണ് നമ്മൾ ഉണ്ടാകുന്നത്. വെറും തേങ്ങാ ചമ്മന്തിയല്ല. നാളികേരം വറുത്തരച്ച ചമ്മന്തി.
ഈ രുചികരമായ ചമ്മന്തി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം:
വേണ്ട വിഭവങ്ങൾ:
നാളികേരം – 1/2 മുറി തേങ്ങയുടെ ചിരകിയത്
ചെറിയ ഉള്ളി – 6 എണ്ണം
പച്ചമുളക് – 2 എണ്ണം
പുളി – ഒരു നുള്ള്
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മല്ലിപൊടി – 1 ടീസ്പൂൺ
മുളക്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം:
- ഒരു പാനിൽ 1/2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിൽ പച്ചമുളക് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.
- ഇതിലേക്ക് 2 ഉണക്കമുളക് ചേർത്ത് മൂപ്പിക്കുക. അതിനു ശേഷം തൊലികളഞ്ഞ ചെറിയ ഉള്ളി ചേർത്ത് നല്ല പോലെ വഴറ്റുക.
- ഉള്ളി പകുതിയോളം മൂത്തുവരുമ്പോൾ ചിരകിയ നാളികേരം ചേർത്ത് ഇളക്കുക. ഇതിലേക്ക് അല്പം പുളിയും കറിവേപ്പിലയും ചേർക്കുക. നാളികേരം ബ്രൗൺ നിറമാകുന്നതുവരെ മൂപ്പിക്കണം. കരിയാതെ പോകാൻ ശ്രദ്ധിക്കുക.
- നാളികേരം നല്ലപോലെ മൂത്തു വരുമ്പോൾ മല്ലിപൊടി ചേർത്ത് ഇളക്കുക. അതിനു ശേഷം മുളക്പൊടിയും, ഉപ്പും ചേർത്ത് കരിയാതെ നന്നായി വറുക്കുക. നന്നായി ചുവന്ന് വരുമ്പോൾ അടുപ്പത്തുനിന്ന് ഇറക്കി ചൂടാറാൻ മാറ്റി വെക്കുക.
- ചൂടാറിയ ശേഷം മിക്സിയിൽ ഈ നാളികേരക്കൂട്ട് വെള്ളം ചേർക്കാതെ ഒന്ന് പൊടിക്കുക. എന്നിട്ട് ഇതിലേക്ക് 3 ടീസ്പൂണോളം വെള്ളം ചേർത്ത് അരച്ചെടുക്കുക.
രുചികരമായ ചമ്മന്തി തയ്യാർ!
അരച്ചെടുക്കുമ്പോൾ അല്പം നാരകത്തിന്റെ ഇല കൂടി ചേർത്താൽ ചമ്മന്തി കൂടുതൽ രുചികരമാക്കാം.
തയ്യാറാക്കിയത്: ഹിമ ഇ [മാളൂസ് കിച്ചൻ]