പൂർണ്ണമായും പ്രഷർകുക്കറിൽ തയ്യാറാക്കാവുന്ന ഒരു രുചികരവും, പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതുമായ ഒരു പച്ചക്കറി കുറുമയാണ് ഇന്നത്തെ നമ്മുടെ റെസിപ്പി. ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയ്ക്കൊപ്പം ഈ കുറുമ അതീവരുചികരമാണ്.
ഏകദേശം 4 പേർക്ക് ഉള്ള കുറുമയുടെ കണക്കിലാണ് ഈ റെസിപ്പി.
ആവശ്യമുള്ള വിഭവങ്ങൾ:
ഉരുളക്കിഴങ്ങ് – രണ്ടെണ്ണം ഇടത്തരം
കാരറ്റ് – 2 ചെറുത്
ബീൻസ് – 7 – 8 എണ്ണം
ഗ്രീൻപീസ് – ഒരുപിടി (ആവശ്യമെങ്കിൽ മാത്രം, അല്ലെങ്കിൽ ഒഴിവാക്കാം)
കോളിഫ്ളവർ – ഒരു ചെറിയ കഷ്ണം (ഇതും നിർബന്ധമില്ല)
ബീറ്റ്റൂട്ട് – 1 ഇടത്തരം (വേണമെങ്കിൽ ഒഴിവാക്കാം)
തക്കാളി – പഴുത്തത് ഒരെണ്ണം വലുത്
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 2 അല്ലി
സബോള – 2 ഇടത്തരം
പച്ചമുളക് – 1
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപൊടി – 2 ടീസ്പൂൺ
ഗരം മസാല – 1/2 മുതൽ 1 ടീസ്പൂൺ വരെ
ഉപ്പ് ആവശ്യത്തിന്
നാളികേരം – ചിരകിയത്, ഒരു പിടി
ഈ കറിയിൽ ഗ്രീൻപീസ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ എന്നിവ ചേർത്താൽ കൂടുതൽ രുചി കിട്ടും. എങ്കിലും അവ ഇല്ലെങ്കിലും ഈ കുറുമ തയ്യാറാക്കാം. ഗ്രീൻപീസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തനിയെ ആദ്യം വേവിച്ച് വേറെ ചേർക്കുക.
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ എല്ലാം കഴുകി വൃത്തിയാക്കി എടുക്കുക. ഉരുളകിഴങ്ങ് തൊലികളഞ്ഞശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. ഈ കറിയിൽ കഷണങ്ങൾ എല്ലാം ചെറു ചതുരക്കഷണങ്ങളാക്കി മുറിച്ചെടുത്താൽ നല്ലതാണ്. കാരറ്റ് ചെറു ചതുരങ്ങളാക്കി നുറുക്കുക. ബീൻസ് ചെറുതായി അരിഞ്ഞെടുക്കുക. [വേവിച്ച ഗ്രീൻപീസ്, അല്ലികളാക്കി എടുത്ത കോളിഫ്ളവർ, ചെറുതായി നുറുക്കിയ ബീറ്ററൂട് എന്നിവ കൂടി ഇതിന്റെ കൂടെ ചേർക്കാം]. ഈ പച്ചക്കറികൾ ഒരു കുക്കറിലേക്ക് ഇടുക.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞുചേർക്കുക. തക്കാളി കൊത്തിഅരിഞ്ഞതും, പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും (എരിവ് കൂടുതൽ വേണമെങ്കിൽ പച്ചമുളകിന്റെ എണ്ണം നിങ്ങളുടെ ആവശ്യാനുസാരം മാറ്റാം), നീളത്തിൽ നനുത്തതായി അരിഞ്ഞ സബോളയും കുക്കറിലേക്ക് ചേർക്കുക. ഇതിൽ ഒരു ഗ്ളാസ് വെള്ളവും ആവശ്യത്തിന് ഉപ്പും, കാൽടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിക്കുക. കുക്കർ മൂടിയശേഷം മൂന്ന് നാല് വിസിൽ വരെ പച്ചക്കറികൾ വേവിച്ചെടുക്കുക.
കുക്കർ അടുപ്പിൽ നിന്ന് മാറ്റിയ ശേഷം ഒരു പിടി നാളികേരം ചിരകിയത് ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇത് മാറ്റി വെക്കുക.
കുക്കർ മുഴുവനായും പ്രഷർ പോയ ശേഷം കുക്കർ തുറന്ന് അത് വീണ്ടും തീയിൽ വെക്കുക. പച്ചക്കറികളിൽ ഒട്ടും വെള്ളം ഇല്ലെങ്കിൽ ഒരു കാൽ കപ്പോളം ചൂടുവെള്ളം ചേർക്കുക. ഇതിലേക്ക് 2 ടീസ്പൂൺ മല്ലിപൊടി, 1 ടീസ്പൂൺ ഗരം മസാല (ആവശ്യമെങ്കിൽ അല്പം ചുവന്ന മുളക് പൊടി ചേർക്കാം) എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇത് നല്ലപോലെ തിളയ്പ്പിക്കുക.
തിളച്ച് വരുമ്പോൾ നമ്മൾ തയ്യാറാക്കി വെച്ച നാളികേരം അരപ്പ് ചേർത്ത് നല്ല പോലെ ഇളക്കുക. തീ താഴ്ത്തി വെച്ച് കുറുമ ഒന്ന് തിളയ്ക്കാൻ അനുവദിക്കുക. നാളികേരത്തിന്റെ പച്ചച്ചുവ പോകാനാണ് ഇത്. എന്നാൽ തീ വല്ലാതെ കൂട്ടിവെച്ചാൽ നാളികേരം പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. തിളച്ചു വരുമ്പോൾ ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക. വേണമെങ്കിൽ ഒരു നുള്ള് ഗരം മസാല കുറുമയിൽ വിതറിക്കൊടുക്കാം.
കറിവേപ്പില, അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് ഇളക്കിയശേഷം കറി അടുപ്പിൽ നിന്ന് വാങ്ങുക.
തയ്യാറാക്കിയത്: മാളൂസ് കിച്ചൺ