വെള്ളപ്പൊക്ക ഭീഷണിയുള്ള നീർച്ചാലുകൾ മനഃപൂർവ്വം മുറിച്ചുകടക്കുന്നവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. 2026 മാർച്ച് 23-നാണ് ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (FSA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🚨 تنبيه | العبور المتعمد للأودية وعدم اتباع التعليمات قد يؤدي إلى سقوط حق التعويض في حال وقوع الخطر.
— هيئة الخدمات المالية (FSA) – سلطنة عمان (@fsa_oman) March 23, 2026
سلامتك أولاً… التزم بالإرشادات وتجنب المجازفة 🌧️#هيئة_الخدمات_المالية #سلامتك_أولاً #الأودية #عمان
———
🚨 Alert | Deliberate crossing of wadis and failure to follow… pic.twitter.com/z5SRaVGP7T
ആലിപ്പഴം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സമഗ്ര, തേർഡ് പാർട്ടി കവറേജുള്ള മോട്ടോർ വാഹന ഇൻഷുറൻസ് പോളിസികൾ പരിരക്ഷ നൽകുന്നതായി ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന് താഴെ പറയുന്ന വ്യവസ്ഥകൾ ബാധകമാണെന്ന് FSA വ്യക്തമാക്കിയിട്ടുണ്ട്:
- പോളിസി ഉടമയുടെ ജീവൻ, വാഹനം എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും, നീർച്ചാലുകൾ മുറിച്ചുകടക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.
- വാദികൾ മനഃപൂർവ്വം മുറിച്ചുകടക്കുകയും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ്. ഇതിനാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് റോയൽ ഒമാൻ പോലീസ് (ROP) നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥ ഏറെ പ്രധാനമാണ്.
വാഹന ഉടമയുടെ മനഃപൂർവമായ പ്രവൃത്തികൾ കാരണം വാഹനങ്ങൾ നീർച്ചാലുകളിൽ മുങ്ങിപ്പോകുന്ന സാഹചര്യത്തിലും, ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ നീർച്ചാലുകളിൽ വാഹനം ഉപേക്ഷിക്കേണ്ടി വരുന്ന അവസരങ്ങളിലും ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുന്നതല്ല.
ഇതിന് പുറമെ അപകടങ്ങൾ വിളിച്ച് വരുത്തുന്ന ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഡ്രൈവർമാർക്ക് ശിക്ഷകൾ നൽകുന്നതിനുള്ള വകുപ്പുകൾ ഒമാൻ ട്രാഫിക് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ജീവനോ, യാത്രക്കാരുടെ ജീവനോ, മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്ന രീതിയിൽ മനഃപൂർവ്വം നീർച്ചാലുകൾ മുറിച്ചുകടക്കുന്ന ഡ്രൈവർമാർക്ക് ഒമാൻ ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ ’49/8′ പ്രകാരം മൂന്ന് മാസം വരെ തടവ്, അഞ്ഞൂറ് റിയാൽ പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

