വാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ അപകടമാണെങ്കിൽ പോലും അപകടസ്ഥലത്ത് നിന്ന് കടന്ന് കളയുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും, അത് കാര്യമായ സാമ്പത്തിക, നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഷാർജ പോലീസ് വ്യക്തമാക്കി.
الصدم والهروب مخالفة جسيمة #شرطة_الشارقة#shjpolice pic.twitter.com/LBksdEsoNt
— شرطة الشارقة (@ShjPolice) April 27, 2026
2026 ഏപ്രിൽ 27-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എല്ലാ ട്രാഫിക് അപകടങ്ങളും, അവയുടെ തീവ്രത കണക്കിലെടുക്കാതെ, റിപ്പോർട്ട് ചെയ്യണമെന്ന് ഷാർജ പോലീസ് ഊന്നിപ്പറഞ്ഞു.
കുറഞ്ഞ വേഗതയിൽ സംഭവിക്കുന്ന, വാഹനങ്ങൾക്ക് പോറൽ മാത്രമേൽക്കുന്ന തരത്തിലുള്ള ചെറിയ കൂട്ടിയിടികൾക്ക് ശേഷം വാഹനം നിർത്താതെ പോകുന്നത് ‘ഹിറ്റ് ആൻഡ് റൺ’ നിയമലംഘനമായി കണക്കാക്കുമെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിലോ റെസിഡൻഷ്യൽ പരിസരങ്ങളിലോ ഉണ്ടാകുന്ന ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുള്ള പൊതു തെറ്റിദ്ധാരണ തിരുത്തുന്നത് ലക്ഷ്യമിട്ടാണ് ഷാർജ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഒരു ചെറിയ വാഹനാപകടമുണ്ടായ സ്ഥലത്ത് നിന്ന് കടന്ന് കളയുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. ഇത്തരം അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ ഏഴ് ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും, അവ വിട്ട് കിട്ടുന്നതിന് 5000 ദിർഹം വരെ ഫീസായി ഈടാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നരുടെ ഡ്രൈവിംഗ് ലൈസൻസ് താത്‌കാലികമായി റദ്ദ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വാഹനാപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അപകടസ്ഥലത്ത് തുടരണമെന്നും, അപകടം സംഭവിച്ച വാഹനങ്ങളിലുള്ളവരുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും, ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ വാഹനാപകടം റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത ചെറിയ വാഹനാപകടങ്ങൾ പോലീസ് ആപ്പ് അല്ലെങ്കിൽ 901 എന്ന നമ്പർ എന്നിവയിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

