GCC രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇ താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തി

GCC News

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്നേ എടുക്കേണ്ട ആരോഗ്യ പരിശോധനകളിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ തീരുമാനമാകുന്നത് വരെയാണ് ഈ വിലക്ക്. വെള്ളിയാഴ്ച്ച പാതിരാത്രി മുതൽ ഈ വിലക്ക് നടപ്പിലാക്കിയിട്ടുണ്ട്.

ശനിയാഴ്ച്ച മുതൽ രാജ്യത്തു പ്രവേശിക്കുന്ന GCC പൗരന്മാർക്ക് ആരോഗ്യ പരിശോധനകളും നിർബന്ധമാക്കിയതായി നേരത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യു എ ഇയിൽ വീടുകളുള്ള GCC പൗരന്മാർക്ക് അവരുടെ വീടുകളിലും, ഇല്ലാത്തവർക്ക് ആരോഗ്യ സുരക്ഷാ അധികൃതർ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിലുമായി 14 ദിവസത്തെ ഹോം ക്വാറന്റീനിൽ തുടരേണ്ടി വരും എന്ന നിർദ്ദേശവും വെള്ളിയാഴ്ച്ച രാവിലെ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച്ച വൈകീട്ട് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി അറിയിപ്പ് വന്നിട്ടുള്ളത്.